>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Saturday 24 December 2011

ബലിപെരുന്നാള്‍ (കുട്ടിക്കഥ)
ബലിപെരുനാളിനു പിന്നില്‍ ഒരു കഥയുണ്ട്‌. വളരെ വളരെ പണ്ട്‌ നടന്ന ഒരു കഥ. വിശുദ്ധ ഖുറാനില്‍ പറഞ്ഞിരിക്കുന്ന ആ കഥയാണ്‌ നമ്മളിന്നു വായിക്കാന്‍  പോകുന്നത്‌.  

പണ്ടു പണ്ട്‌ ഇന്നത്തെ ഇറാക്ക്‌ എന്നരാജ്യം സ്ഥിതിചെയ്യുന്ന പ്രദേശം ബാബിലോണിയ എന്നാണറിയപ്പെട്ടിരുന്നത്. അവിടെ താമസിച്ചിരുന്ന വളരെ നീതിമാനായ ഒരു പ്രവാചകനായിരുന്നു ഇബ്രാഹിം. വളരെ നല്ല ഒരു ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നതിനാല്‍ ദൈവത്തിന്‌ അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇബ്രാഹിമിന്‌ ഒരു സങ്കടം ഉണ്ടായിരുന്നു. തൊണ്ണൂറുവയസ്സായ അദ്ദേഹത്തിനു മക്കള്‍ ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും വളരെ വിഷമമുണ്ടായിരുന്നു. ഇബ്രാഹിം പലപോഴും ഇപ്രകാരം ആഗ്രഹിച്ചു: “ദൈവം എനിക്കൊരു മകനെ നല്‍കിയിരുന്നെങ്കില്‍ അവനെ ദൈവത്തിനായി നല്‍കാന്‍ പോലും ഞാന്‍ തയ്യാറാവുമായിരുന്നു”. ഇബ്രാഹിമിന്റെ ദുഃഖം മനസ്സിലാക്കിയ ദൈവം അദ്ദേഹത്തിന്‌ ഒരു കുഞ്ഞിനെ നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യ ഹാജറ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. അവന്‌ അവര്‍ ഇസ്മായില്‍ എന്നു പേരിട്ടു. വാര്‍ദ്ധക്യകാലത്തുണ്ടായ തന്റെ അരുമക്കുഞ്ഞിനെ ഇബ്രാഹിം വളരെ സ്നേഹിച്ചു. ദൈവത്തിന്‌ അദ്ദേഹം നന്ദിപറഞ്ഞു. അങ്ങനെയിരിക്കെ, ഇബ്രാഹിമിന്‌ തന്നോടുള്ള ഇഷ്ടവും ബഹുമാനവും എത്രത്തോളമുണ്ട്‌ എന്നറിയുവാനായി ദൈവം ഇബ്രാഹിമിനെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. ഒരു ദിവസം ദൈവം ഇബ്രാഹിമിനോട്‌ ഇങ്ങനെ പറഞ്ഞു: "ഇബ്രാഹിമേ, നിന്റെ പ്രിയപുത്രനായ ഇസ്മയിലിനെ നീ എനിക്ക്‌ തരണം. അവനെ നീ എനിക്കായിട്ട്‌ ബലിഅറുക്കുക". സാധാരണ, ആടുകളെയായിരുന്നു അക്കാലത്ത് ബലിഅറുത്തിരുന്നത്. ഇവിടെ ദൈവം പറയുന്നത്‌ സ്വന്തം കുഞ്ഞിനെത്തന്നെ ബലിഅറുക്കാനാണ്. ഇബ്രാഹിമിന്‌ ആദ്യം വലിയ വിഷമം തോന്നി. എങ്കിലും ദൈവത്തിനോടുള്ള അതിയായ സ്നേഹവും, വിശ്വാസവും കാരണം ദൈവം ആവശ്യപ്പെട്ടകാര്യം ചെയ്യുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ഭാര്യയായ ഹാജറയോട്‌ താന്‍ കുട്ടിയേയും കൂട്ടി ഒരു സ്ഥലംവരെ പോകുകയാണെന്നുമാത്രം പറഞ്ഞിട്ട്‌ ഇബ്രാഹിം ദൂരെ ഒരു സ്ഥലത്തേക്ക്‌ യാത്രയായി. വഴിയില്‍ വച്ച്‌ ഇബ്രാഹിം ഇസ്മയിലിനോട്‌ ദൈവം തന്നോടാവശ്യപ്പെട്ട കാര്യമെന്താണെന്ന് അറിയിച്ചു. അതുകേട്ടപ്പോള്‍ ഇസ്മായില്‍ പറഞ്ഞു “പിതാവേ, അങ്ങ് ഒട്ടും അധൈര്യപ്പെടേണ്ട. ദൈവം അങ്ങയോടാവശ്യപ്പെട്ടകാര്യം പൂര്‍ണ്ണസന്തോഷത്തോടെ നടപ്പിലാക്കുക. അവിടുന്നു തന്നെ നമ്മെ കാത്തുകൊള്ളും”. അങ്ങനെ നടന്നു നടന്ന് അവര്‍ ബലിയര്‍പ്പിക്കാനുള്ള സ്ഥലത്തെത്തി. അവസാനമായി പിതാവും മകനും കെട്ടിപ്പിടിച്ച് പരസ്പരം ചുംബിച്ചു. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട്‌ ഇസ്മയിലെനെ ഇബ്രാഹിം ഒരു പാറമേല്‍ കിടത്തി. എന്നിട്ട്‌ അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “‘ദൈവമേ, അവിടുന്ന് എന്നോട് കല്‍പ്പിച്ച കാര്യം ഞാനിതാ ‍‍പൂര്‍ണ്ണ മനസ്സോടെ അനുസരിക്കുന്നു“. അതിനുശേഷം ഇബ്രാഹിം കത്തിയെടുത്ത്‌ ഇസ്മയിലിന്റെ കഴുത്തറക്കാനായി ആഞ്ഞുവെട്ടി. അത്ഭുതം! ഒന്നും സംഭവിച്ചില്ല!! പകരം പുറകില്‍ നിന്നും ഒരു ശബ്ദംകേട്ടു. "ഇബ്രാഹിമേ.... കുട്ടിയുടെമേല്‍ ഇനി കൈവയ്ക്കരുത്‌" ദൈവം അയച്ച ഒരു മാലാഖയായിരുന്നു അത്‌. മാലാഖപറഞ്ഞു: "ഇബ്രാഹിം, നിന്റെ വിശ്വാസത്തില്‍ ദൈവം അതിയായി പ്രസാദിച്ചിരിക്കുന്നു. ഇതാ, ഇവിടെയൊരു ആട്‌ ഉണ്ട്‌. അതിനെ ബലിയായി അര്‍പ്പിച്ചിട്ട്‌ കുഞ്ഞിനേയും കൂട്ടി സന്തോഷമായി വീട്ടിലേക്ക്‌ പൊയ്ക്കൊള്ളുക".അതിശയംതന്നെ, അവിടെയതാ മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു ആട്‌ നില്‍ക്കുന്നു. ഇബ്രാഹിം അതിനെ ബലിയായി അര്‍പ്പിച്ചിട്ട്‌ കുട്ടിയേയും കൂട്ടി വീട്ടിലേക്ക്‌ പോയി സന്തോഷമായി അനേകകാലം താമസിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്കായാണ്‌ ഇന്നും ബലിപെരുനാള്‍ കൊണ്ടാടുന്നത്‌.

No comments:

Post a Comment