വിനാശകാലെ വിപരീതബുദ്ധി
ശാന്തമായ കടലില്‍ ഒരു കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആ യാത്രക്കപ്പലിന് രണ്ട് തട്ടുകളുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതകുലജാതരും പ്രമാണിമാരും അടങ്ങുന്ന യാത്രക്കാര്‍ക്കായി നീക്കിവെച്ചാതായിരുന്നു മുകള്‍തട്ട്. ദരിദ്രരും സമൂഹത്തിലെ താഴ്‌ന്നവര്‍ക്കും വേണ്ടി താഴേതട്ടും.
മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ കുടിവെള്ളം സൂക്ഷിച്ചിരുന്നത് മുകള്‍തട്ടിലായിരുന്നു. എന്നാല്‍ താഴേതട്ടിലുള്ളവര്‍ ഇടയ്കിടേ കുടിവെള്ളത്തിനായി മുകളിലെത്തുന്നത് ഉന്നതര്‍ക്ക് ശല്ല്യമായി തോന്നിത്തുടങ്ങിയപ്പോള്‍, അവര്‍ ഒരുമിച്ച് കൂടി ചര്‍ച്ചചെയ്ത് ഒരു തീരുമാനമെടുത്തു. താഴെതട്ടില്‍ നിന്നെത്തുന്നവരേ ഇവിടെ പ്രവേശിപ്പിക്കരുത്. ഒരോ തട്ടിലുമുള്ളവര്‍ക്കുള്ള കുടിവെള്ളം അവരവര്‍ കണ്ടെത്തട്ടേ.
കുടിവെള്ളത്തിനായി താഴെതട്ടിലുള്ളവരെത്തി. വെള്ളം നിഷേധിച്ചപ്പോള്‍ അവര്‍ ആദ്യം പ്രതിഷേധിച്ചു..., പിന്നെ അപേക്ഷിച്ചു. എന്നിട്ടും മുകള്‍ തട്ടിലുള്ളവര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ, താഴേതട്ടിലുള്ളവരും ഈ പ്രശ്നത്തെ എങ്ങനെ നേരിടും എന്ന് ചര്‍ച്ചയാരംഭിച്ചു. ചര്‍ച്ചയ്ക്ക് ശേഷം അവരുടെ പ്രതിനിധികള്‍ മുകള്‍തട്ടില്ലെത്തി തീരുമാനം ഇങ്ങനെ അറിയിച്ചു. “നിങ്ങള്‍ കുടിവെള്ളം നിഷേധിക്കും എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കപ്പലിനടിയില്‍ ദ്വാരമുണ്ടാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.“
പരസ്പര സഹകരണത്തിലൂടെ മാത്രമേ യാത്ര മുഴുമിപ്പിക്കാനാവൂ എന്ന് ചിന്തിക്കാന്‍ ഇരുവിഭാഗത്തിന്റേയും വികാരം അനുവദിച്ചില്ല. അവര്‍ തീരുമാനങ്ങളില്‍ ഉറച്ച് നിന്നു.ആ സന്നിഗ്ദഘട്ടത്തിലെങ്കിലും വിവേകത്തോടെ ചിന്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കില്‍..........
No comments:
Post a Comment